ന്യൂഡൽഹി: ഗാർഹിക, വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനദ്രോഹപരമാണെന്നും ഇത് ഉടൻ പിൻവലിക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പേരിൽ വില വർധിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് പിബി പ്രസ്താവനയിൽ പറഞ്ഞു.
ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 114.50 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇത് സാധാരണക്കാരുടെയും തൊഴിലാളികളുടെയും കുടുംബ ബജറ്റിനെ സാരമായി ബാധിക്കുമെന്നും പിബി ചൂണ്ടിക്കാട്ടി. ദരിദ്ര വിഭാഗങ്ങൾക്കായി നടപ്പിലാക്കിയ ഉജ്ജ്വല പദ്ധതിയിലെ ഗുണഭോക്താക്കളെപ്പോലും ഈ വില വർധനവ് ബാധിക്കുമെന്നത് കേന്ദ്രത്തിന്റെ ജനവിരുദ്ധ നയമാണ് തുറന്നുകാട്ടുന്നത്.
പശ്ചിമേഷ്യൻ യുദ്ധമാണ് വിലക്കയറ്റത്തിന് കാരണമെന്ന കേന്ദ്രത്തിന്റെ വാദം കപടമാണ്. ട്രംപ് ഭരണകൂടത്തിന്റെ താത്പര്യങ്ങൾക്കും യുഎസ് ആധിപത്യത്തിനും കേന്ദ്രം വഴങ്ങുന്നതിന്റെ തെളിവാണ് ഈ നടപടിയെന്നും സിപിഎം ആരോപിച്ചു. വിലക്കയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നതിനും പിബി ആഹ്വാനം ചെയ്തു.